width=ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എതിര്‍ത്തിട്ടുണ്ടെന്ന് ചിലര്‍ പറയുന്നത് ശരിയല്ല. സമസ്തയുടെ ഏഴാം വാര്‍ഷിക യോഗത്തിലെ അഞ്ചാം പ്രമേയത്തില്‍ കടിച്ചുതൂങ്ങിക്കൊണ്ടാണ് അവര്‍ ഇങ്ങനെ ഒരാശയക്കുഴപ്പമുണ്ടാക്കാന്‍ വിഫലശ്രമം നടത്തുന്നത്. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി എന്ന ഒരു സംഘടനക്ക് ചില ഉല്‍പതിഷ്ണുക്കള്‍ കുറെ കൊല്ലങ്ങള്‍ക്കു മുമ്പ് രൂപം നല്‍കിയിരുന്നു. നിഷ്‌കളങ്കരും ശുദ്ധമനസ്‌കരുമായ കേരള മുസ്‌ലിംകളുടെ വിശ്വാസ-കര്‍മങ്ങള്‍ ചൂഷണം ചെയ്യാനും അവരെ വഴിതെറ്റിക്കാനും ഇവര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തി. അതിനിടെയാണ് ഒരു ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കാന്‍ അവര്‍ തീരുമാനിച്ചത്.


ആയിടെ 7-ാം സമ്മേളനം സംഘടിപ്പിച്ച സമസ്ത മേല്‍സംഘത്തിന്റെ പരിഭാഷക്കാര്യം ചര്‍ച്ച ചെയ്യുകയും അതുസംബന്ധിച്ച് പ്രമേയം പാസ്സാക്കുകയും ചെയ്തു. അതില്‍ പറയുന്നതിങ്ങനെയാണ്: 'മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി വക പ്രസിദ്ധീകരിക്കാന്‍ ഏര്‍പാടു ചെയ്ത ഖുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങിയ ഉടനെ പരിശോധിച്ച് തല്‍വിഷയകമായി കേരള മുസ്‌ലിം ജനതക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും ഈ യോഗം താഴെ പേരെഴുതിയവരടങ്ങിയ ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തുന്നു.' ഈ പ്രമേയത്തില്‍ നിന്ന് സമസ്ത ഖുര്‍ആന്‍ പരിഭാഷ എന്ന ആശയത്തിനു തന്നെ എതിരാണ് എന്ന് 'കണ്ടുപിടിക്കാന്‍' അസാമാന്യ ഗവേഷണപാടവം തന്നെ വേണം. യഥാര്‍ഥത്തില്‍ ഇത് വിളിച്ചുപറയുന്നത് ബഹു. സമസ്ത ഖുര്‍ആന്‍ പിരഭാഷക്കെതിരല്ല എന്നാണ്; കാരണം പരിഭാഷ തെറ്റായിരുന്നുവെങ്കില്‍ ഒറ്റവാക്കില്‍ അതങ്ങ് പറയുകയല്ലാതെ സൊസൈറ്റിക്കാരുടെ പരിഭാഷ പുറത്തുവരുന്നതുവരെ കാത്തുനില്‍ക്കാനും എന്നിട്ടത് പരിശോധിച്ച് അഭിപ്രായം പറയുവാനും തീരെ അവകാശമില്ലല്ലോ.


മര്‍ഹൂം കൈപ്പറ്റ
മര്‍ഹൂം കൈപ്പറ്റ മമ്മദ് കുട്ടി മുസ്‌ലിയാര്‍ (ന.മ.) ഖുര്‍ആന്‍ പരിഭാഷക്കെതിരായി ഒരു ഫത്‌വാ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. മര്‍ഹൂം കൈപ്പറ്റ ഹിജ്‌റ 1354 ല്‍ സ്വിയാനത്തുല്‍ ഖുര്‍ആനില്‍ കരീം അന്‍ ഔലിയാഇശ്ശൈഥാനിര്‍റജീം എന്ന പേരില്‍ ഒരു ലഘുലേഖ എഴുതിയിട്ടുണ്ട്. 1972 ല്‍ ഒരു ഹിസ്ബുല്‍ഇര്‍ശാദ് സംഘം ഊരകം പുത്തന്‍പടിക്കല്‍ ഇര്‍ശാദ് പ്രസ്സില്‍ നിന്ന് അത് അച്ചടിച്ച് പുറത്തിറക്കിയതായി കണ്ടു. ആവര്‍ത്തിച്ചു വായിച്ചുനോക്കിയിട്ടും ഖുര്‍ആന്‍ പരിഭാഷയെ എതിര്‍ക്കുന്ന ഒരു വാക്കും അതില്‍ കണ്ടില്ല. അതിലെ ഉള്ളടക്കം ഖുര്‍ആനെ ഇതരമതക്കാര്‍ക്ക് കൊടുക്കല്‍, ഖുര്‍ആന്‍ വാക്യങ്ങളെ ഇതര ലിപികളില്‍ എഴുതല്‍, വാക്യങ്ങളുടെ അര്‍ഥോദ്ദേശ്യങ്ങളെ മാറ്റിമറിക്കല്‍ എന്നിവയെക്കുറിച്ചുള്ള ആക്ഷേപമാണ്. (മേല്‍പറഞ്ഞ സൊസൈറ്റിക്കാരുടെ തര്‍ജമയില്‍ അതെല്ലാം ഉണ്ട്.) മാത്രമല്ല അതില്‍ മൗലാനാ കൈപ്പറ്റ തന്നെ ഉദ്ധരിച്ച ജാമിഉല്‍ബയാന്‍, ബൈളാവി എന്നീ തഫ്‌സീറുകളിലെ, 'പിന്നെ അവര്‍ അത് ഉദ്ധരിക്കുകയും അന്യര്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കുകയും....' എന്ന വാചകം തന്നെ ഖുര്‍ആന്‍ തര്‍ജമ ചെയ്യാമെന്നതിന് തെളിവാണ്.


എന്നാല്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് അതിന്റെ തര്‍ജമ മാത്രം എഴുതുകയും ആ തര്‍ജമക്ക് ഖുര്‍ആന്റെ സ്ഥാനം നല്‍കുകയും ചെയ്യുക എന്നത് നിരോധിക്കപ്പെട്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍ വിവിധ ഭാഷകളില്‍ തര്‍ജമ മാത്രം എഴുതപ്പെടുകയും അതിന് ഖുര്‍ആന്റെ സ്ഥാനം നല്‍കപ്പെടുകയും ചെയ്താല്‍ ഇംഗ്ലീഷ് ഖുര്‍ആന്‍, മലയാള ഖുര്‍ആന്‍, തമിഴ് ഖുര്‍ആന്‍, മറാഠി ഖുര്‍ആന്‍... എന്നിങ്ങനെ വിവിധ ഖുര്‍ആനുകള്‍ ലോകത്ത് നിലവില്‍ വരും. അല്ലാഹു അവതരിപ്പിച്ചതാകട്ടെ അറബി ഖുര്‍ആന്‍ ഒന്നുമാത്രമാണ്. ഇതത്രെ ബൈബിളിന് പറ്റിയ ദോഷവും. അല്ലാഹു അവതരിപ്പിച്ച തൗറാത്തും ഇന്‍ജീലും ഇന്ന് ലോകത്ത് 'വെള്ളാന'യാണ്. വിവിധാശയക്കാര്‍ തങ്ങളുടെ തന്നിഷ്ടത്തിനൊത്ത് പരിഭാഷ ചെയ്താല്‍ ഒരു ഭാഷക്കാരില്‍ തന്നെ പല ഖുര്‍ആന്‍ നിലവില്‍ വരും. ഇത് ദീനില്‍ ഏറ്റവും വലിയ ആപത്താണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ബൈബിളിന് സംഭവിച്ചത് ഖുര്‍ആന് സംഭവിക്കയില്ലെന്ന് നമുക്ക് സമാശ്വസിക്കാം. കാരണം ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതാണല്ലോ.


നമ്മുടെ പരിഭാഷ
നമ്മുടെ പരിഭാഷ മലയാള ലിപിയിലായതോടുകൂടി ഖുര്‍ആന്‍ വാക്യങ്ങള്‍ അതിന്റെ മൂലഭാഷയില്‍ തന്നെ കൊടുത്തിട്ടുള്ളതാണ്. ചില സവിശേഷ വസ്തുതകളെയും പരിതഃസ്ഥിതികളെയും കണക്കിലെടുത്ത് അവക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് അങ്ങനെ ചെയ്യുവാന്‍ തീരുമാനിച്ചത്. അവയില്‍ ചിലത് താഴെ പറയുന്നു:
1) നിലവിലുള്ള മലയാള ഖുര്‍ആന്‍ പരിഭാഷകളിലും ചില അറബി-മലയാള ഖുര്‍ആന്‍ പരിഭാഷകളിലും അഹ്‌ലുസ്സുന്നത്തിനെതിരായ പല പുത്തന്‍വാദങ്ങളും സുലഭമായി സ്ഥലം പിടിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതുകൊണ്ടാണ് അത് സംഭവിച്ചത്. വായനക്കാര്‍ അതാണ് ഖുര്‍ആന്റെ നിര്‍ദ്ദേശമെന്ന് തെറ്റിദ്ധരിക്കുന്നു.

2) യുവാക്കളില്‍ ഏറിയ കൂറും അറബിയോ അറബി-മലയാളമോ വേണ്ട വിധം കൈകാര്യം ചെയ്യാന്‍ കഴിയാത്തവരും മിക്കവാറും മലയാളം നല്ലവണ്ണം ശീലിച്ചവരുമാണ്.

3) ഇന്നത്തെ വിദ്യാര്‍ഥികളും യുവാക്കളും ധാരാളം വായിക്കുന്നവരും വായനാപ്രിയരുമാണ്. അതിനാല്‍ അവര്‍ മേല്‍പറഞ്ഞ പരിഭാഷകള്‍ വായിച്ച് തെറ്റിദ്ധാരണയില്‍ കുടുങ്ങിപ്പോകുന്നു.

4) ഖുര്‍ആനിന്റെയും ഹദീസിന്റെയും അര്‍ഥസാരങ്ങള്‍ അറിയുവാന്‍ ജനങ്ങളുടെ ആഗ്രഹം പുര്‍വാധികം വര്‍ധിച്ചിരിക്കുന്നു.

5) നിലവിലുള്ള ഖുര്‍ആന്‍ പരിഭാഷകളില്‍ അബദ്ധങ്ങളും ആശയസ്ഖലനങ്ങളുമുണ്ടെന്ന് ജനങ്ങളോട് പറയുമ്പോള്‍, എന്നാല്‍ തെറ്റില്ലാത്ത പരിഭാഷ ഞങ്ങള്‍ക്കറിയുന്ന ഭാഷയില്‍ വായിക്കുവാന്‍ തരിക എന്നവര്‍ ആവശ്യപ്പെടുന്നു.

6) ആയത്തുകള്‍ കൊടുക്കാതെ നമ്പറുകള്‍ മാത്രം കൊടുത്ത് സാരാര്‍ഥങ്ങള്‍ വിവരിക്കുന്നതായാല്‍ അത് അനുവാചക ഹൃദയങ്ങളില്‍ വേണ്ടത്ര പ്രതിഫലനമുണ്ടാക്കുന്നതല്ല. പുത്തന്‍വാദികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ തെറ്റിദ്ധാരണ കൂടാതെ ശരിക്ക് ഗ്രഹിക്കണമെങ്കില്‍ ആയത്തുകള്‍ കൊടുത്തിരിക്കണം. 7) നമ്മുടെ യുവാക്കളില്‍ പലരും പ്രസംഗവേദിയില്‍ കയറുന്നവരാണല്ലോ. ആയത്തോതിക്കൊണ്ട് അര്‍ഥസാരം വിവരിക്കുമ്പോള്‍ സദസ്സിനുണ്ടാകുന്ന ചലനം ഓതാതെ വിവരിച്ചാല്‍ ഉണ്ടാകുന്നതല്ല.


ഇങ്ങനെ പല കാരണങ്ങളും ചുറ്റുപാടുകളും കണക്കിലെടുത്തുകൊണ്ടാണ് മുകളില്‍ പറഞ്ഞ മാര്‍ഗത്തിന് മുന്‍ഗണന കൊടുത്തിരിക്കുന്നത്. മറ്റു മലയാള പരിഭാഷക്കാരെല്ലാം അവരുടെ പരിഭാഷകള്‍ മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഉദ്ദേശിച്ച് നിര്‍മിച്ചതാണ്. അവരത് രണ്ടു വിഭാഗക്കാര്‍ക്കും കൊടുക്കുന്നുമുണ്ട്. എന്നാല്‍ നമ്മുടെ ഈ വ്യാഖ്യാന ഗ്രന്ഥം മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചെഴുതിയതാകുന്നു. കച്ചവടക്കാരായിരുന്നാല്‍ പോലും മുസ്‌ലിംകളുമായിട്ടല്ലാതെ അവര്‍ ഇടപാട് ചെയ്യരുതെന്നാശിക്കുകയും അങ്ങനെ ഉപദേശിക്കുകയും ചെയ്യുന്നു. അതിനാല്‍ അമുസ്‌ലിംകളുടെ കൈയില്‍ ഇത് അകപ്പെടുകയും അവര്‍ ഇതിനോട് അനാദരം കാണിക്കുകയും ചെയ്യാനുള്ള സാധ്യത വെറും സാധ്യത മാത്രമാണ്. അത്തരം സാധ്യതകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ ലോകത്ത് ഒരു നല്ല കാര്യവും ചെയ്യാന്‍ കഴിയാതെ വന്നേക്കും. കണ്ണു കൊണ്ട് ഹറാമുകള്‍ കാണാന്‍ സാധ്യത ഉണ്ടെന്ന് കരുതി കണ്ണുതന്നെ വേണ്ടെന്നു വെക്കല്‍ ബുദ്ധിപൂര്‍വകമാണോ?


ഇനി മറ്റു ചില കാര്യങ്ങള്‍ കൂടി ഉണര്‍ത്തിച്ചുകൊണ്ട് ഈ മുഖവുരക്ക് വിരാമമിട്ടുകൊള്ളാം:

1) ഇതരഭാഷകളിലുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളോട് മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റോ എഴുതപ്പെട്ട സാധാരണ പുസ്തകങ്ങളെപ്പോലെ അനാദരവോടെ പലരും പെരുമാറുന്നതായി കണ്ടുവരുന്നുണ്ട്. അത് തികച്ചും തെറ്റാണ്. അതിനാല്‍ പരിശുദ്ധ ഖുര്‍ആന്‍ അടങ്ങിയിരിക്കുന്ന നമ്മുടെ ഈ ഗ്രന്ഥത്തെ അതര്‍ഹിക്കുന്ന ആദരവോടും ബഹുമാനത്തോടും കൂടി മാത്രം കൈകാര്യം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.
2) ഒരു ഭാഷയെ മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ മൂലഭാഷയുടെ എല്ലാവിധ തന്മയത്വത്തോടു കൂടിയും വക്താവിന്റെ എല്ലാവിധ ഉദ്ദേശ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ടും വിവര്‍ത്തന ഭാഷയില്‍ പ്രകടമാക്കുക സാധ്യമല്ല. പദങ്ങള്‍, ഘടനാരൂപം, സാഹിത്യം, പ്രയോഗം, വ്യാകരണ നിയമം മുതലായവയില്‍ ഭാഷകള്‍ തമ്മിലുള്ള വ്യത്യാസമാണ് അതിന് കാരണം. മലയാള ഭാഷയും അറബി ഭാഷയുമാകട്ടെ അജഗജാന്തരമുണ്ടുതാനും. ഉത്തര-ദക്ഷിണ ധ്രുവങ്ങളോളം അകല്‍ച്ചയുണ്ട് അവ രണ്ടും തമ്മില്‍. അറബി സാഹിത്യം ലോകഭാഷാ സാഹിത്യങ്ങളുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നതാണ്. വിശുദ്ധ ഖുര്‍ആനാകട്ടെ സര്‍വജ്ഞനായ അല്ലാഹുവിന്റെ വചനങ്ങളാണല്ലോ. അറബി സാഹിത്യത്തിന്റെ ഉച്ചിയില്‍ ഉപവിഷ്ടരായിരുന്ന സാഹിത്യസമ്രാട്ടുക്കളെ അത് വെല്ലുവിളിച്ചിരിക്കയാണ്. അത് നേരിടുവാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈവിധ സവിശേഷതകളുള്ള ഖുര്‍ആനിനെ മറ്റൊരു ഭാഷയിലേക്ക്-വിശിഷ്യ മലയാളത്തിലേക്ക്-നേര്‍ക്കുനേരെ 'തര്‍ജമ' ചെയ്യുവാന്‍ ആരാലും കഴിയുന്നതല്ല. അതിനാല്‍ നമ്മുടെ ഈ ഗ്രന്ഥം ഖുര്‍ആന്‍ വാക്യങ്ങളുടെ ആശയങ്ങള്‍ വിവര്‍ത്തനം ചെയ്ത ഒരു വ്യാഖ്യാന ഗ്രന്ഥം മാത്രമാണ്. ഈ അര്‍ഥത്തില്‍ അല്ലാതെ ഇതിനെ ഒരു പരിഭാഷാഗ്രന്ഥമെന്ന് തീരെ പറയാവതല്ല. ഇതില്‍ ആയത്തുകളുടെ സാരം മൊത്തമായി മലയാളഭാഷാ ശൈലിയില്‍ വിവരിച്ചിരിക്കയാണ്. അതുകൊണ്ട് ചിലപ്പോള്‍ ചില സര്‍വനാമങ്ങളുടെയും (അസ്മാഉല്‍ ഇശാറ) സൂചനാനാമങ്ങളുടെയും അര്‍ഥങ്ങള്‍ വിട്ടുകളഞ്ഞിരിക്കും. അതുകാണുമ്പോള്‍ തെറ്റിദ്ധരിക്കേണ്ടതില്ല.
3) ഈ മുഖവുരയിലും വഴിയെ വരുന്ന വ്യാഖ്യാനങ്ങളിലും 'അല്ലാഹു പറഞ്ഞു' എന്നോ 'ഖുര്‍ആനില്‍ ഉണ്ട്' എന്നോ പറഞ്ഞുകൊണ്ട് ആയത്തുകളെ നമ്പര്‍ മാത്രം കൊടുത്ത് അര്‍ഥം വിവരിച്ചിട്ടുണ്ട്. അതിന്റെ വിവക്ഷ ആ സാരം ലഭിക്കുന്ന വാക്യങ്ങള്‍ അക്കാണിച്ച സ്ഥലത്ത് ഖുര്‍ആനിലുണ്ട് എന്നാണ്. 4) ആയത്തുകളുടെ അര്‍ഥം വിവരിക്കുമ്പോള്‍ ചിലപ്പോള്‍ ബ്രാക്കറ്റിനുള്ളില്‍ ചില വാക്കുകള്‍ കൊടുത്തിട്ടുണ്ട്. അത് ആയത്തുകളുടെ അര്‍ഥം കൂടുതല്‍ വ്യക്തമാകുവാന്‍ വേണ്ടി ചേര്‍ത്തിട്ടുള്ളതാണ്.
5) അഹ്‌ലുസ്സുന്നത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ബഹുമാനപ്പെട്ട വ്യാഖ്യാതാക്കള്‍ കൈക്കൊണ്ടതും അവര്‍ ചൂണ്ടിക്കാണിച്ചതുമായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചുപോകാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അവരുടെ തഫ്‌സീറുകളാണ് ഈ ഗ്രന്ഥത്തിന്റെ അവലംബം. 6) ആയത്തുകളുടെ നമ്പര്‍ കൊടുക്കുമ്പോള്‍ സൂറത്തിന്റെ പേരും തൊട്ടുപിന്നില്‍ ആയത്തിന്റെ നമ്പറും ആണ് കാണുക. ഉദാഹരണം യാസീന്‍ 10. സൂറത്തു യാസീനിലെ 10-ാമത്തെ ആയത്ത് എന്നര്‍ഥം; അപൂര്‍വം ചിലേടത്ത് 15:20 എന്ന് പ്രയോഗിച്ചിരിക്കാം. പതിനഞ്ചാം സൂറത്തിലെ ഇരുപതാം ആയത്ത് എന്ന് സാരം. ഹദീസുകളുടെ പിന്നില്‍ ബ്രാക്കറ്റില്‍ ബു. എന്നു കണ്ടാല്‍ ബുഖാരി എന്നും മു. എന്നു കണ്ടാല്‍ മുസ്‌ലിം എന്നും വായിക്കണം.


റസ്മുല്‍ ഉസ്മാനി
ജിബ്‌രീല്‍(അ) നബി ÷ ക്ക് ഏഴു ശൈലിയില്‍ ഖുര്‍ആന്‍ ഓതിക്കൊടുത്തിരുന്നു (ബുഖാരി, മുസ്‌ലിം). ഇങ്ങനെ ശൈലീവ്യത്യാസത്തോടെയാണ് ഇറക്കപ്പെട്ടതെന്നതിനാല്‍ 'ഖിറാഅത്തു'(ഖുര്‍ആന്‍ പാരായണരീതി)കള്‍ നിയന്ത്രണമില്ലാതെ കൂടിക്കൂടിവന്നു. ഇതിന്റെ ഭവിഷ്യത്ത് ഗ്രഹിച്ച മൂന്നാം ഖലീഫ ഉസ്മാന്‍(റ) പ്രവാചകപത്‌നി ഹഫ്‌സ്വ(റ)യുടെ കൈയിലുണ്ടായിരുന്ന ക്രോഡീകൃത മുസ്വ്ഹഫ് വാങ്ങി സൈദുബ്‌നു സാബിത്(റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ പകര്‍പ്പുകളെടുക്കാനേല്‍പിച്ചു. ഇങ്ങനെ എടുത്ത കോപ്പികള്‍ ഏഴെണ്ണമായിരുന്നു (അല്‍ഇത്ഖാന്‍, സുയൂഥി 2:62). 'നിങ്ങള്‍ സൈദുമായി വല്ല വിയോജിപ്പുമുണ്ടാകുന്ന പക്ഷം (സൈദ് അന്‍സ്വാരിയായിരുന്നു) ഖുറൈശിന്റെ ശൈലിയനുസരിച്ചാണ് എഴുതേണ്ടത്; കാരണം അവരുടെ ശൈലിയിലാണത് അവതീര്‍ണമായത്' എന്ന് ഉസ്മാന്‍(റ) ഈ സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു (ബുഖാരി).


ഇങ്ങനെ അങ്ങേയറ്റം ആധികാരിക സ്വഭാവത്തിലുള്ള ഏഴു പ്രതികള്‍ തയ്യാറായി. അവ സിറിയ, യമന്‍, ബഹ്‌റൈന്‍, ബസ്വ്‌റ, കൂഫ എന്നിവിടങ്ങളിലേക്കയച്ചു. ഒന്ന് മദീനയില്‍ സൂക്ഷിക്കുകയും ചെയ്തു. ഒന്നാം ഖലീഫ തയ്യാറാക്കിയതും, രണ്ടാം ഖലീഫയുടെ പ്രിയപുത്രിയും പ്രവാചകപത്‌നിയും സത്യവിശ്വാസികളുടെ മാതാവുമായ ഹഫ്‌സ്വ(റ) കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചിരുന്നതുമായ ആ മുസ്വ്ഹഫിന്റെ പകര്‍പ്പല്ലാത്ത മറ്റു വല്ലതുമുണ്ടെങ്കില്‍ കരിച്ചകളയാന്‍ മൂന്നാം ഖലീഫ ഉത്തരവിട്ടു. ഇനി മേല്‍ പകര്‍ത്തെഴുതുന്നതും പാരായണം ചെയ്യേണ്ടതുമൊക്കെ ഇതേ ക്രമമനുസരിച്ചാവണമെന്നും അദ്ദേഹം വിളംബരപ്പെടുത്തിയിരുന്നു.


ഈ ഉത്തരവും വിളംബരവുമൊക്കെ നടന്നത് സ്വഹാബികളുടെ മധ്യേയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരൊക്കെയും, അല്ലാഹുവിന്റെ കിതാബിന്റെ സുരക്ഷിതത്വം മുന്നില്‍ കണ്ട് ചെയ്ത ഈ പരിഷ്‌കരണത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. ഇതിനെതിരെ ആരും ഒരക്ഷരം ഉരിയാടിയില്ല. തന്മൂലം അത് സ്വഹാബത്തിന്റെ ഇജ്മാഅ് കൊണ്ട് സ്ഥിരീകൃതമായി. ഇവയില്‍ നിന്ന് പകര്‍ത്തിയെഴുതിയ കോപ്പികളാണ് ലോകത്തിന്റെ നാനാഭാഗത്തും ഇന്ന് കാണപ്പെടുന്ന മുസ്വ്ഹഫുകള്‍. ഇവയ്ക്ക് മുസ്വ്ഹഫ് ഉസ്മാനി എന്നും ഇവയില്‍ സ്വീകരിച്ച സവിശേഷ ലിപികള്‍ക്ക് റസ്മു ഉസ്മാനി (ഉസ്മാനി ലിപി) എന്നും പറയപ്പെടുന്നു.


മൂന്നാം ഖലീഫയാണ് എഴുതിച്ചതെങ്കിലും നബി ÷ യുടെ സാന്നിധ്യത്തില്‍ വെച്ച് അപ്പപ്പോള്‍ അവതരിക്കുന്ന സൂക്തങ്ങള്‍ എഴുതിവെച്ചിരുന്ന സൈദ്(റ) ആണ് എഴുത്ത് നിര്‍വഹിച്ചതെന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഈ ലിപിയിലല്ലാതെ ഖുര്‍ആന്‍ എഴുതാനോ അച്ചടിക്കാനോ പാടില്ല. റസ്മു ഉസ്മാനിയില്‍ നിന്ന് വ്യത്യസ്തമായ നിലയില്‍ ഖുര്‍ആന്‍ എഴുതുകയോ അച്ചടിക്കുകയോ ചെയ്യുന്നത് നാല് മദ്ഹബു പ്രകാരവും ഹറാമാണ് എന്ന് സമസ്തയുടെ ഈളാഹില്‍ (പേജ് 73) കാണാം. റസ്മു ഉസ്മാനിയില്‍ എഴുതിയ ഖുര്‍ആനും സാധാരണ അറബിഭാഷാ ലിപിയും തമ്മില്‍ ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പരിശീലനത്തിലൂടെ ഇത് ശരിപ്പെടുത്താവുന്നതേയുള്ളൂ.



(ഫതഹുര്‍റഹ്മാന്‍:വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്)